വാക്സിൻ എത്തിയില്ല; എറണാകുളത്ത് സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാക്സിനേഷൻ മുടങ്ങി

ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്സിൻ കേരളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. കൊവിഷീൽഡ് വാക്സിനാണ് എത്തിക്കുന്നത്. ഇതോടെ നിർത്തിവച്ച പല ക്യാമ്പുകളും നാളെ മുതൽ വീണ്ടും തുടങ്ങാനാകുമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ വിലയിരുത്തൽ

Written by - Zee Malayalam News Desk | Last Updated : Apr 16, 2021, 10:44 AM IST
  • പൊതു സമൂഹവുമായി അടുത്തിടപഴകുന്ന മേഖലയിലെ ഹൈ റിസ്ക് വിഭാ​ഗങ്ങളെ കണ്ടെത്തിയാകും പരിശോധന
  • തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പരമാവധി പേരെ പരിശോധനക്ക് വിധേയരാക്കും
  • രോ​ഗ ലക്ഷണങ്ങളുള്ളവരേയും കണ്ടെത്തി പരിശോധിക്കും
  • ആശുപത്രികളിൽ ഒപികളിൽ എത്തുന്നവർ, കിടത്തി ചികിത്സയിലുള്ളവർ, ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലയിലും ഉള്ളവർ, സ്കൂൾ, കോളജ് വിദ്യാർഥികൾ എന്നിവരിലും പരിശോധന നടത്തും
വാക്സിൻ എത്തിയില്ല; എറണാകുളത്ത് സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാക്സിനേഷൻ മുടങ്ങി

കൊച്ചി: എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാക്സിനേഷൻ (Vaccination) മുടങ്ങി. മിക്ക ആശുപത്രികളിലേക്കും ആവശ്യമായ വാക്സിൻ എത്തിയില്ല. 157 വാക്സിൻ കേന്ദ്രങ്ങളിൽ ഭൂരിഭാ​ഗവും സർക്കാർ മേഖലയിലെ ആശുപത്രികളാണ്. സ്വകാര്യ ആശുപത്രിയിൽ വാക്സിനായി രജിസ്റ്റർ ചെയ്തവർക്ക് ബുക്കിങ് റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമായി ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്സിൻ കേരളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. കൊവിഷീൽഡ് വാക്സിനാണ് (Covishield vaccine) എത്തിക്കുന്നത്. വൈകുന്നേരത്തോടെയാണ് വാക്സിനെത്തിക്കുക. ഇതോടെ നിർത്തിവച്ച പല ക്യാമ്പുകളും നാളെ മുതൽ വീണ്ടും തുടങ്ങാനാകുമെന്നാണ് ആരോ​ഗ്യവകുപ്പിന്റെ വിലയിരുത്തൽ. കൊവിഡ് തീവ്ര വ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മാസ് കൊവിഡ് പരിശോധന തുടങ്ങുകയാണ്. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ആർടിപിസിആർ, ആന്റിജൻ പരിശോധനകളാണ് നടത്തുക. രോ​ഗ വ്യാപന തീവ്രത കുറയ്ക്കാൻ രോ​ഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കണമെന്ന വിദ​ഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന നടത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി പേരെ പരിശോധനക്ക് വിധേയരാക്കുകയാണ് ലക്ഷ്യം.

ALSO READ: കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്, നാളെയും മറ്റന്നാളുമായി 2.5 ലക്ഷം പേർക്ക് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

പൊതു​ഗതാ​ഗതം, വിനോദ സഞ്ചാരം, കടകൾ, ഹോട്ടലുകൾ, വിതരണ ശൃംഖലയിലെ തൊഴിലാളികൾ, കൊവിഡ് വാക്സിൻ ലഭിക്കാത്ത 45 വയസിന് താഴെയുള്ളവർ തുടങ്ങി പൊതു സമൂഹവുമായി അടുത്തിടപഴകുന്ന മേഖലയിലെ ഹൈ റിസ്ക് വിഭാ​ഗങ്ങളെ കണ്ടെത്തിയാകും പരിശോധന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പരമാവധി പേരെ പരിശോധനക്ക് വിധേയരാക്കും. രോ​ഗ ലക്ഷണങ്ങളുള്ളവരേയും കണ്ടെത്തി പരിശോധിക്കും. ആശുപത്രികളിൽ ഒപികളിൽ എത്തുന്നവർ, കിടത്തി ചികിത്സയിലുള്ളവർ, ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലയിലും ഉള്ളവർ, സ്കൂൾ, കോളജ് വിദ്യാർഥികൾ എന്നിവരിലും പരിശോധന നടത്തും. ഏറ്റവും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചിരിക്കുന്നത് രോ​ഗ ബാധ കൂടുന്ന എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. അതേസമയം മൂന്ന് മാസത്തിനുള്ളിൽ കൊവിഡ് വന്നുപോയവർ, രണ്ട് ഡോസ് കൊവിഡ് വാക്സിൻ എടുത്തവർ എന്നിവർക്ക് ഈ ഘട്ടത്തിൽ പരിശോധന ഉണ്ടാകില്ല.

അതേസമയം ഇന്നും രാജ്യത്ത് പ്രതിദിന കൊവിഡ് (Covid) രോ​ഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 2,17,353 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1185 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിദിന കൊവിഡ് കണക്ക് ഇന്നലെയും രണ്ട് ലക്ഷത്തിന് മുകളിലായിരുന്നു. രാജ്യത്ത് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 15 ലക്ഷം പിന്നിട്ടു. 15,69,743 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ്. ഉത്തർപ്രദേശിലും രാജസ്ഥാനിലും പഞ്ചാബിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ (Curfew) ശനിയാഴ്ച തുടങ്ങും. പൊതു സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും.

ALSO READ: Covid 19 Second Wave: ഉത്തരേന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ പ്രഖ്യാപിച്ചു

അതേസമയം സംസ്ഥാനങ്ങളിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ പിഎം കെയർ ഫണ്ട് ചെലവഴിക്കും. ചികിത്സാ സംവിധാനങ്ങൾ വെല്ലുവിളി നേരിടുമ്പോൾ പിഎം കെയർ ഫണ്ട് ചെലവഴിക്കാത്തതിനെ സംബന്ധിച്ച് പ്രതിപക്ഷം സർക്കാരിനെ വിമർശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News