Crime News: കോതമംഗലത്ത് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ; ഒരു കിലോയിലധികം കഞ്ചാവ് പിടികൂടി

Marijuana Seized: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Written by - Zee Malayalam News Desk | Last Updated : May 15, 2023, 03:28 PM IST
  • പ്രതി ഓടക്കാലിയിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരൻ ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു
  • ഒറീസയിൽ പോയി വന്നപ്പോൾ കോതമംഗലം ഭാഗത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊടുക്കുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്
Crime News: കോതമംഗലത്ത് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ; ഒരു കിലോയിലധികം കഞ്ചാവ് പിടികൂടി

എറണാകുളം: കോതമംഗലം പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടി. കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ പിടികൂടിയത്. ഒറീസ സ്വദേശിയായ ലിറ്റു ഡിഗൽ ആണ് പിടിയിലായത്.

ഇയാളിൽ നിന്ന് ഒരു കിലോ കഞ്ചാവ് കണ്ടെത്തി. പ്രതി ഓടക്കാലിയിലെ പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരൻ ആണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒറീസയിൽ പോയി വന്നപ്പോൾ കോതമംഗലം ഭാഗത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊടുക്കുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പിടിയിലായ ഒറീസ സ്വദേശി മൊഴി നൽകിയിരിക്കുന്നത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റിവ് ഓഫീസർമാരായ ജയ് മാത്യൂസ്, സിദ്ദിഖ് എഇ, സിവിൽ എക്സൈസ് ഓഫീസർമാരായ ഉമ്മർ പിഇ, ബിജു പിവി, രാഹുൽ പിടി, ഡ്രൈവർ ബിജു പോൾ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം ആരംഭിച്ചു. ഇയാൾ ആർക്കാണ് കഞ്ചാവ് എത്തിച്ചതെന്നും ഇതിൻ്റെ ഉറവിടവും കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാജ് പറഞ്ഞു.

കോഴിക്കോട് എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ

കോഴിക്കാട്: കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരത്ത് മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിലായി. ഷംസുദീൻ, സാബു എന്നിവരാണ് പിടിയിലായത്. ഇരുവരിൽ നിന്നും 19.60 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. മയക്കുമരുന്ന് ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് വിൽപ്പനക്കായി കൊണ്ടുവന്നതാണെന്നാണ് റിപ്പോർട്ട്.

ഡാൻസാഫും (ജില്ലാതല ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) കുന്ദമംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അതേസമയം, ഫ്ലാറ്റിനുള്ളിൽ ലഹരിക്കച്ചവടം നടത്തുവെന്ന വിവരത്തെതുടർന്ന് പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തിന് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപ്പെട്ടു. കൊച്ചി വാഴക്കാലയിലുള്ള ഫ്ലാറ്റിലാണ് സംഭവം നടന്നത്.

കണ്ണൂർ കോളയാട് സ്വദേശി ചിഞ്ചു മാത്യു ആണ് ഫ്ലാറ്റിൽ താമസിച്ചിരുന്നത്. ഫ്ലാറ്റിൽ നിന്ന് മുക്കാൽ കിലോ എംഡിഎംഎയും 50 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. വാഴക്കാലയിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച്  ലഹരി വിൽപന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ഒരാഴ്ചയായി നീരിക്ഷണം നടത്തി വരികയായിരുന്നു.

അതിനിടെയാണ് ചിഞ്ചു മാത്യു ബെംഗളൂരുവിൽ നിന്ന് തിരിച്ചെത്തി എന്ന വിവരം എക്സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇയാളെ പിടികൂടാനായി ഷാഡോ സംഘം  ഫ്ലാറ്റിനുള്ളിലേക്ക് കയറിയതും ഇയാൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തോക്കുകൊണ്ടുള്ള ആക്രമണം എക്സൈസ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചപ്പോൾ പ്രതി കൈയ്യിലുള്ള കത്തി ഉപയോഗിച്ച് സിവിൽ എക്സൈസ് ഓഫീസർക്ക് നേരെ തിരിഞ്ഞു. ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫീസർ ടോമിക്ക് പരിക്കേറ്റു. കയ്യിലാണ് പരിക്കേറ്റത്.

ശേഷം പുറത്തേക്കോടിയ പ്രതി സംഘത്തെ പുറത്ത് നിന്ന് പൂട്ടുകയും  താഴെ പാർക്ക് ചെയ്തിരുന്ന കാറിൽ കയറി രക്ഷപ്പെടുകയുമായിരുന്നു. ഫ്ലാറ്റിനുള്ളിൽ നടത്തിയ പരിശോധനയിൽ 750 ഗ്രാം എംഡിഎംഎ യും 50 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. ബെംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് ലഹരി എത്തിക്കുന്നതിൽ പ്രധാനിയാണ് ചിഞ്ചു മാത്യു എന്നാണ് പോലീസ് നൽകുന്ന സൂചന. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾ ആർക്കെല്ലാം ലഹരി കൈമാറിയിരുന്നുവെന്നതിനെക്കുറിച്ചും എക്സൈസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ജനുവരി മാസം മുതൽ ഇത് വരെ എറണാകുളം ജില്ലയിൽ 40 എം.ഡി.എം.എ ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News