Jaundice: വേങ്ങൂരിന് പിന്നാലെ കളമശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതി; ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്

Kalamassery municipality: വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച അഞ്ച് ഭക്ഷണശാലകൾ പൂട്ടാൻ നിർദേശം നൽകി.

Written by - Zee Malayalam News Desk | Last Updated : May 17, 2024, 03:45 PM IST
  • ന​ഗരസഭാ പരിധിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച അഞ്ച് ഭക്ഷണശാലകൾ പൂട്ടാൻ നിർദേശം നൽകി
  • മൂന്ന് ബേക്കറികളും രണ്ട് തട്ടുകടകളുമാണ് പൂട്ടാൻ നിർദേശം നൽകിയത്
Jaundice: വേങ്ങൂരിന് പിന്നാലെ കളമശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതി; ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്

കൊച്ചി: വേങ്ങന്നൂരിന് പിന്നാലെ കളമശേരി ന​ഗരസഭയിലും മഞ്ഞപ്പിത്ത ഭീതി. ഒരാഴ്ചയ്ക്കിടെ 28 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ന​ഗരസഭാ പരിധിയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച അഞ്ച് ഭക്ഷണശാലകൾ പൂട്ടാൻ നിർദേശം നൽകി. ന​ഗരസഭ പരിധിയിലെ ചില കൂൾബാറുകൾ വഴിയാണ് രോ​ഗം പടർന്നതെന്നാണ് സംശയിക്കുന്നത്.

ഭക്ഷണശാലകൾ കേന്ദ്രീകരിച്ച് ന​ഗരസഭയുടെ ആരോ​ഗ്യവിഭാ​ഗം നടത്തിയ പരിശോധനയിൽ അഞ്ച് കടകൾ പൂട്ടാൻ നിർദേശം നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് ബേക്കറികളും രണ്ട് തട്ടുകടകളുമാണ് പൂട്ടാൻ നിർദേശം നൽകിയത്. വേങ്ങന്നൂരിലേതുപോലെ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ കളമശേരിയിൽ ഇല്ലെന്നാണ് ആരോ​ഗ്യ വിഭാ​ഗത്തിന്റെ വിലയിരുത്തൽ.

ന​ഗരസഭാ പരിധിയിൽ ജലസ്രോതസുകൾ വൃത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചു. വെങ്ങന്നൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്ത് അധികൃതർ ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ സന്ദർശിച്ച് സ്ഥിതി​ഗതികൾ വ്യക്തമാക്കിയിരുന്നു. നിലവിൽ പഞ്ചായത്തിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. രോ​ഗബാധിതർക്ക് ധനസഹായം ഉറപ്പാക്കുമെന്നാണ് വിവരം.

ALSO READ: മഞ്ഞപ്പിത്തം പടരുന്നു: തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ: ജാ​ഗ്രത നിർദ്ദേശങ്ങളുമായി ആരോ​ഗ്യവകുപ്പ്

രോഗലക്ഷണങ്ങള്‍

മഞ്ഞപ്പിത്തം പല രോഗങ്ങളുടേയും ലക്ഷണമായതിനാൽ മഞ്ഞപ്പിത്തം എന്ത് കൊണ്ട് വന്നൂവെന്ന് അറിഞ്ഞ് മാത്രമേ ചികിത്സിക്കാവൂ. വൈറസ് ശരീരത്തെ ബാധിച്ചാല്‍ 80-95 ശതമാനം കുട്ടികളിലും, 10-25 ശതമാനം മുതിര്‍ന്നവരിലും രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. രണ്ട് മുതല്‍ ആറ് ആഴ്ച വരെ ഇടവേളയിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. സാധാരണയായി 28 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചില്‍, കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങള്‍ എന്നിവ മഞ്ഞ നിറത്തില്‍ ആവുക എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

ശ്രദ്ധിക്കേണ്ടത്

മഞ്ഞപ്പിത്തം കരളിനെയാണ് ബാധിക്കുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂര്‍ണമായും ഭേദമാക്കാനാകും. അസുഖ ബാധിതര്‍ ധാരാളം വെള്ളം കുടിക്കുകയും കൊഴുപ്പ് കുറഞ്ഞ ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും വേണം. സാധാരണ രോഗലക്ഷണങ്ങള്‍ക്കുള്ള മരുന്നുകള്‍ മാത്രമേ ഉപയോ​ഗിക്കേണ്ടതായി വരാറുള്ളൂ. അംഗീകൃതമല്ലാത്ത മരുന്നുകളും ആവശ്യമില്ലാത്ത മരുന്നുകളും ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവര്‍ത്തനം കൂടുതല്‍ വഷളാകുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം.

 ALSO READ: വേനൽ കനക്കുന്നു; മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

പ്രതിരോധ മാര്‍ഗങ്ങള്‍

കുടിക്കുന്നത് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോ​ഗിക്കുക.
തുറസായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തരുത്.
നിശ്ചിത ഇടവേളകളില്‍ കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.
സെപ്ടിക്ക് ടാങ്കും കിണറും തമ്മില്‍ നിശ്ചിത അകലം ഉറപ്പാക്കുക.
ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക.
മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും പങ്കുവയ്ക്കരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് പ്രത്യേകം വൃത്തിയാക്കുക.
ആറ് മാസത്തെ ഇടവേളയില്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്താല്‍ രോ​ഗത്തെ പ്രതിരോധിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News