IPL 2024: റസൽ വേറെ മൂഡിൽ..! ക്ലാസന്റെ വെടിക്കെട്ട് പാഴായി; ആവേശപ്പോരിൽ ജയിച്ച് കൊൽക്കത്ത

IPL 2024, SRH vs KKR score card: ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെ 4 റൺസിന് മറികടന്നാണ് കൊൽക്കത്ത വരവറിയിച്ചത്. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2024, 07:27 AM IST
  • കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രെ റസലും ഫിൽ സാൾട്ടും ആർദ്ധ സെഞ്ച്വറികൾ നേടി.
  • 25 പന്തുകൾ നേരിട്ട റസൽ 64 റൺസുമായി പുറത്താകാതെ നിന്നു.
  • 29 പന്തുകളൽ നിന്ന് 8 സിക്സറുകളുടെ അകമ്പടിയോടെ ക്ലാസൻ 69 റൺസ് നേടി.
IPL 2024: റസൽ വേറെ മൂഡിൽ..! ക്ലാസന്റെ വെടിക്കെട്ട് പാഴായി; ആവേശപ്പോരിൽ ജയിച്ച് കൊൽക്കത്ത

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വിജയത്തുടക്കം. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ 4 റൺസിനാണ് കൊൽക്കത്ത വിജയിച്ചത്. 209 റൺസ് എന്ന കൂറ്റൻ വിജയലക്ഷം പിന്തുടർന്ന ഹൈദരാബാദിന് 204 റൺസ് നേടാനേ സാധിച്ചുള്ളൂ. ആന്ദ്രെ റസലിന്റെയും ഫിൽ സാൾട്ടിന്റെയും തകർപ്പൻ അർദ്ധ സെഞ്ച്വറികളുടെ കരുത്തിലാണ് 208 റൺസ് നേടിയത്. 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 51 റൺസിനിടെ 4 വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. സാൾട്ട് ഒരുവശത്ത് നിലയുറപ്പിച്ചപ്പോൾ സുനിൽ നരെയ്ൻ (2), വെങ്കടേഷ് അയ്യർ (7), ശ്രേയസ് അയ്യർ (0), നിതീഷ് റാണ (9) എന്നിവരെല്ലാം നിരാശപ്പെടുത്തി. 17 പന്തിൽ 35 റൺസ് നേടി രമൺദീപിന്റെ പ്രകടനം നിർണായകമായി. രമൺദീപ് - സാൾട്ട് സഖ്യം 54 റൺസ് കൂട്ടിച്ചേർത്തു. രമൺദീപും സാൾട്ടും 13, 14 ഓവറുകളിൽ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ആന്ദ്രെ റസൽ തകർത്തടിച്ചു. 

ALSO READ: അവസാന ഓവറിലേയ്ക്ക് നീണ്ട ആവേശം; ഡല്‍ഹിയെ തകര്‍ത്ത് പഞ്ചാബിന് വിജയത്തുടക്കം

25 പന്തുകൾ നേരിട്ട റസൽ 7 സിക്‌സറുകളും മൂന്ന് ബൗണ്ടറികളും സഹിതം 64 റൺസുമായി പുറത്താകാതെ നിന്നു. അവസാന ഓവറുകളിൽ തകർപ്പനടിയ്ക്ക് പേരുകേട്ട റിങ്കു സിംഗ് 15 പന്തിൽ 23 റൺസുമായി റസലിന് മികച്ച പിന്തുണ നൽകി. അവസാന 5 ഓവറിൽ 83 റൺസാണ് കൊൽക്കത്ത അടിച്ചുകൂട്ടിയത്. 

മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് മായങ്ക് അഗർവാൾ - അഭിഷേക് ശർമ്മ സഖ്യം ഗംഭീര തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. 32 റൺസ് വീതമെടുത്താണ് ഇരുവരും പുറത്തായത്. രാഹുൽ ത്രിപാഠി (20), എയ്ഡൻ മാർക്രം (18), അബ്ദുൾ സമദ് (15) എന്നിവർ നിരാശപ്പെടുത്തി. ഹൈദരാബാദ് മത്സരം കൈവിട്ടെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് ഹെൻ റിച്ച് ക്ലാസൻ അപകടകാരിയായത്. ഷഹബാസ് അഹമ്മദിനെ (5 പന്തിൽ 16) കൂട്ടുപിടിച്ച് ക്ലാസൻ ആഞ്ഞടിച്ചു. 

ഹർഷിത് റാണ എറിഞ്ഞ അവസാന ഓവറിൽ 13 റൺസാണ് ഹൈദരാബാദിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് തന്നെ സിക്‌സർ പറത്തി ക്ലാസൻ വീണ്ടും മാസായി. വിജയം അരികെ എത്തിയ ആശ്വാസത്തിലായിരുന്നു ഹൈദരാബാദ്. രണ്ടാം പന്തിൽ സിംഗിൾ. മൂന്നാം പന്തിൽ ഷഹ്ബാസിനെ പുറത്താക്കി റാണ കൊൽക്കത്തയെ മത്സരത്തിലേയ്ക്ക് തിരികെ എത്തിച്ചു. നാലാം പന്തിൽ മാർക്കോ ജാൻസൻ സിംഗിൾ എടുത്തു. സ്‌ട്രൈക്കിൽ തിരികെയെത്തിയ ക്ലാസനെ സ്ലോവറിലൂടെ പുറത്താക്കിയ റാണ അവസാന പന്തിൽ പാറ്റ് കമ്മിൻസിനെ ബീറ്റണാക്കിയതോടെ മത്സരം കൊൽക്കത്തയുടെ കയ്യിലായി.

29 പന്തുകളൽ നിന്ന് 8 സിക്സറുകളുടെ അകമ്പടിയോടെ ക്ലാസൻ 69 റൺസ് നേടി. അതേസമയം, 24.75 കോടി രൂപയ്ക്ക് കൊൽക്കത്ത സ്വന്തമാക്കിയ മിച്ചൽ സ്റ്റാർക്ക് വൻ പരാജയമായി മാറുന്ന കാഴ്ചയാണ് ഈഡൻ ഗാർഡൻസിൽ കാണാനായത്. 4 ഓവറിൽ 53 റൺസ് വഴങ്ങിയ സ്റ്റാർക്കിന് ഒരു വിക്കറ്റ് പോലും നേടാനായില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News