Ind vs Eng: ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ കറക്കി വീഴ്ത്തി അശ്വിനും കുൽദീപും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മേൽക്കൈ

Ind vs Eng 4th test Day 3: ഇംഗ്ലണ്ടിന്റെ 10 വിക്കറ്റുകളും ഇന്ത്യൻ സ്പിന്നർമാരാണ് സ്വന്തമാക്കിയത്. രവിചന്ദ്രൻ അശ്വിൻ 51 റൺസ് വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തി. 

Written by - Zee Malayalam News Desk | Last Updated : Feb 25, 2024, 05:41 PM IST
  • ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിൽ പോലും ഇന്ത്യയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല.
  • സാക്ക് ക്രോളിയുടെ പ്രകടനം മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാൻ വക നൽകിയത്.
  • നിലവിൽ 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2 - 1ന് മുന്നിലാണ്.
Ind vs Eng: ഇംഗ്ലീഷ് ബാറ്റ്‌സ്മാൻമാരെ കറക്കി വീഴ്ത്തി അശ്വിനും കുൽദീപും; ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് മേൽക്കൈ

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മേൽക്കൈ. മൂന്നാം ദിനം മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 40 റൺസ് എന്ന നിലയിലാണ്. രണ്ട് ദിവസങ്ങൾ ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് ജയിക്കാൻ ഇനി 152 റൺസ് കൂടി വേണം. 

മൂന്നാം ദിനം 7ന് 219 റൺസ് എന്ന നിലയിൽ മത്സരം പുന:രാരംഭിച്ച ഇന്ത്യയ്ക്ക് 88 റൺസ് കൂടി കൂട്ടിച്ചേർക്കാനായി. വാലറ്റത്തെ കൂട്ടുപിടിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ധ്രുവ് ജുറെൽ നടത്തിയ രക്ഷാപ്രവർത്തനമാണ് ഇന്ത്യയുടെ സ്‌കോർ 300 കടത്തിയത്. അർഹിച്ച സെഞ്ച്വറി 10 റൺസ് അകലെ നഷ്ടമായെങ്കിലും ജുറെലിന്റെ പ്രകടനം മത്സരത്തിലെ വഴിത്തിരിവായി. 149 പന്തിൽ 6 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം ജുറെൽ 90 റൺസ് നേടി. ജുറെൽ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. 

ALSO READ: വിജയാഘോഷത്തിനിടെ ബോധരഹിതനായി; മുൻ കർണാടക ക്രിക്കറ്റ് താരം മൈതാനത്ത് വെച്ച് മരിച്ചു

46 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിംഗിസിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഒരു ഘട്ടത്തിൽ പോലും ഇന്ത്യയ്ക്ക് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. രവിചന്ദ്രൻ അശ്വിനെയും കുൽദീപ് യാദവിനെയും മുന്നിൽ നിർത്തി ആക്രമണം അഴിച്ചുവിട്ട നായകൻ രോഹിത് ശർമ്മയുടെ തീരുമാനങ്ങൾ ഫലം കണ്ടു. തുടക്കം മുതൽ വിക്കറ്റുകൾ നഷ്ടമായതോടെ ഇംഗ്ലീഷ് പട പ്രതിരോധത്തിലായി. സ്‌കോർ 19ൽ നിൽക്കെ ബെൻ ഡക്കറ്റിനെ മടക്കി അയച്ച് അശ്വിൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. 

ഒരറ്റത്ത് പിടിച്ചു നിന്ന സാക്ക് ക്രോളിയുടെ പ്രകടനം മാത്രമാണ് ഇംഗ്ലണ്ടിന് ആശ്വസിക്കാൻ വക നൽകിയത്. 91 പന്തുകൾ നേരിട്ട ക്രോളി 60 റൺസ് നേടി. 30 റൺസ് നേടിയ ജോണി ബെയർസ്‌റ്റോ അതിജീവനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 51 റൺസ് വഴങ്ങി അശ്വിൻ 5 വിക്കറ്റുകൾ പിഴുതപ്പോൾ നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് അശ്വിന് മികച്ച പിന്തുണ നൽകി. വെറും 22 റൺസ് വഴങ്ങിയ കുൽദീപ് 4 വിക്കറ്റുകൾ സ്വന്തമാക്കിയപ്പോൾ അവശേഷിച്ച ഒരു വിക്കറ്റ് രവീന്ദ്ര ജഡേജ സ്വന്തം പേരിലാക്കി. നിലവിൽ 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2 - 1ന് മുന്നിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News