Bribery: കൈക്കൂലി വാങ്ങവേ റവന്യൂ ഉദ്യോഗസ്ഥനും സഹായിയും വിജിലന്‍സ് പിടിയില്‍

Village field assistant: കുളത്തുപ്പുഴ തിങ്കള്‍കരിക്കം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്‍റ് കൊല്ലം നീണ്ടകര സ്വദേശി സുജിമോന്‍ സുധാകരന്‍, ഇയാളുടെ ഏജന്‍റ് ഏരൂര്‍ നെടിയറ വിഷ്ണു വിലാസത്തില്‍ വിജയന്‍ എന്നിവരാണ് പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 09:40 AM IST
  • പട്ടയം പതിച്ചു നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്
  • കുളത്തുപ്പുഴ ചന്ദനക്കാവ് സ്വദേശി ഷാജിയാണ് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടതായി കാണിച്ച് വിജിലന്‍സിൽ പരാതി നൽകിയത്
Bribery: കൈക്കൂലി വാങ്ങവേ റവന്യൂ ഉദ്യോഗസ്ഥനും സഹായിയും വിജിലന്‍സ് പിടിയില്‍

കൊല്ലം: കൈക്കൂലി വാങ്ങവേ റവന്യൂ ഉദ്യോഗസ്ഥനെയും സഹായിയെയും വിജിലന്‍സ് പിടികൂടി. കുളത്തുപ്പുഴ തിങ്കള്‍കരിക്കം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്‍റ് കൊല്ലം നീണ്ടകര സ്വദേശി സുജിമോന്‍ സുധാകരന്‍, ഇയാളുടെ ഏജന്‍റ് ഏരൂര്‍ നെടിയറ വിഷ്ണു വിലാസത്തില്‍ വിജയന്‍ എന്നിവരാണ് പിടിയിലായത്. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി എസ് സജാദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.

പട്ടയം പതിച്ചു നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവർ പിടിയിലായത്. കുളത്തുപ്പുഴ ചന്ദനക്കാവ് സ്വദേശി ഷാജിയാണ് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടതായി കാണിച്ച് വിജിലന്‍സിൽ പരാതി നൽകിയത്. ഷാജിയുടെ ചന്ദനക്കാവ് ആലുംപോയ്കയിലുള്ള തന്‍റെ സഹോദരിയുടെ വസ്തുവിന് പട്ടയം ലഭിക്കുന്നതിനായി പുനലൂര്‍ താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.

പട്ടയത്തിന് അര്‍ഹതയുണ്ടെന്നും വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കാനും താലൂക്ക് ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തിങ്കള്‍കരിക്കം വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. അപേക്ഷ നല്‍കി നാളുകള്‍ കഴിഞ്ഞിട്ടും തീരുമാനമാകാതെ വന്നതോടെയാണ് ഷാജി സുജിമോനെ സമീപിച്ചത്.

പട്ടയം നല്‍കാമെന്നും ഇതിനായി കുറച്ചു തുക ചിലവാകുമെന്നും സുജിമോന്‍ ഷാജിയോട് പറഞ്ഞു. മുപ്പത് സെന്റ് വസ്തുവിന് പട്ടയം നല്‍കാന്‍ മുപ്പതിനായിരം രൂപയാണ് സുജിമോന്‍ ആവശ്യപ്പെട്ടത്. പലതവണ പറഞ്ഞിട്ടും തുകയില്‍ കുറവ് വര്‍ത്താന്‍ ഇയാള്‍ തയ്യാറായില്ല. ഇതോടെയാണ് ഷാജി വിജിലന്‍സില്‍ പരാതി നല്‍കിയത്.

ALSO READ: Murder: പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഡൽഹിയിൽ യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു

തുടർന്ന്, ഷാജിയോടൊപ്പം വിജിലന്‍സ് സംഘവും എത്തുകയായിരുന്നു. തുക ഏരൂര്‍ ജങ്ഷനിൽ എത്തിക്കാന്‍ സുജിമോന്‍ ആവശ്യപ്പെട്ടു. ഇതുപ്രകാരം ആദ്യ ഘട്ടമായ 15,000 രൂപ ഷാജി കൈമാറി. തുക വാങ്ങിയ സുജിമോന്‍ പണം സമീപമുണ്ടായിരുന്ന വിജയന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു. വാങ്ങിയ പണം എറിഞ്ഞുകളയാന്‍ ഇരുവരും ശ്രമിച്ചുവെങ്കിലും വിജിലൻസ് ഇവരെ പിടികൂടി.

സുജിമോന്‍ വാങ്ങുന്ന കൈക്കൂലി വിജയന്‍ വഴിയാണ് എത്തിക്കുന്നതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വാങ്ങുന്ന തുകയുടെ നിശ്ചിത ശതമാനം വിജയന് നല്‍കും. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരേയും വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. തിങ്കള്‍കരിക്കം വില്ലേജ് ഓഫീസിനെതിരെ വ്യാപകമായി പരാതികള്‍ ഉയരുന്നുണ്ടെന്ന് വിജിലന്‍സ് സംഘം അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News