IPL 2024 Sanju Samson: സഞ്ജുവിന്റെ പണി പാളി! പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഭയം വിട്ടുമാറാതെ രാജസ്ഥാന്‍... ഇത്തവണ എന്ത് സംഭവിക്കും?

IPL 2024 Sanju Samson: അവസാനം കളിച്ച നാല് മത്സരങ്ങളും തോറ്റിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് ഇപ്പോൾ.

Written by - Zee Malayalam News Desk | Last Updated : May 16, 2024, 04:01 PM IST
  • ആദ്യ ഘട്ടത്തില്‍ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചു എന്ന ആശ്വാസം സഞ്ജുവിനും സംഘത്തിനും ഉണ്ട്
  • ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു എടുത്ത പല തീരുമാനങ്ങളും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്
  • ആക്ഷേപങ്ങളുടെയെല്ലാം മുനയടിച്ച് ക്യാപ്റ്റൻ സഞ്ജു കരുത്തനായി തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധക‍ർ
IPL 2024 Sanju Samson: സഞ്ജുവിന്റെ പണി പാളി! പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഭയം വിട്ടുമാറാതെ രാജസ്ഥാന്‍... ഇത്തവണ എന്ത് സംഭവിക്കും?

ഐപിഎല്ലിന്റെ ഈ സീസണില്‍ അശ്വമേധം നടത്തി മുന്നേറിക്കൊണ്ടിരുന്ന ടീം ആയിരുന്നു രാജസ്ഥാന്‍ റോയല്‍സ്. ആദ്യം കളിച്ച എട്ട് കളികളില്‍ ഏഴിലും ആധികാരിക വിജയം നേടി മറ്റ് ഫ്രാഞ്ചൈസികളെ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ഞെട്ടിച്ചിരുന്നു. എന്നാല്‍, ഒടുക്കം കളിച്ച നാല് കളികളും തുടര്‍ച്ചയായി പരാജയപ്പെട്ടതിന്റെ ആഘാതത്തില്‍ നിന്ന് രാജസ്ഥാന്‍ ടീം മോചിതമാകുമോ എന്നാണ് ഇനി അറിയേണ്ടത്.

ആദ്യ ഘട്ടത്തില്‍ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചു എന്ന ആശ്വാസം സഞ്ജുവിനും സംഘത്തിനും ഉണ്ട്. എന്നാല്‍ പ്ലേ ഓഫിലെ സ്ഥാനം എവിടെ ആയിരിക്കും എന്നത് നിശ്ചയിക്കപ്പെടാന്‍ ഇനിയും കാത്തിരിക്കണം. രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ആയാല്‍ മാത്രമേ രാജസ്ഥാന് അല്‍പം ആശ്വസിക്കാന്‍ സാധിക്കു. ക്യാപ്റ്റൻ സഞ്ജുവിന്റെ പല തീരുമാനങ്ങളും പിഴയ്ക്കുന്നു എന്നതും സഞ്ജു ഫോം കണ്ടെത്താൻ വിഷമിക്കുന്നു എന്നതും രാജസ്ഥാന് ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്.

സ്ഥിരതയുള്ള പ്രകടനം എന്നതായിരുന്നു ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് (ആദ്യത്തെ 8 മത്സരങ്ങളില്‍). എന്നാല്‍ പിന്നീടങ്ങോട്ട് സ്ഥിരത നിലനിര്‍ത്താന്‍ ടീം ഒന്നടങ്കം പാടുപെടുന്ന കാഴ്ചയാണ് കണ്ടത്. ക്യാപ്റ്റന്റെ ഉത്തരവാദിത്തം ക്രീസുകള്‍ക്കിടയില്‍ കാണിക്കുന്നതില്‍ സഞ്ജു സാംസണും പലപ്പോഴായി പരാജയപ്പെട്ടു. ക്യാപ്റ്റന്‍ എന്ന നിലയില്‍ സഞ്ജു എടുത്ത തീരുമാനങ്ങളും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഒരു കാര്യം പറയാതിരിക്കാന്‍ ആവില്ല. തോറ്റ മത്സരങ്ങളില്‍, ഏകപക്ഷീയമായ പരാജയങ്ങള്‍ വെറും രണ്ടെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളു. മറ്റ് മൂന്ന് കളികളും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കൈവിട്ടുപോയവയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആയിരുന്നു രാജസ്ഥാന്റെ ആദ്യത്തെ തോല്‍വി. അവസാന പന്തില്‍ ആയിരുന്നു അന്ന് ഗുജറാത്ത് വിജയം കൊയ്തത്. രണ്ട് ഓവറില്‍ വെറും എട്ട് റണ്‍സ് മാത്രം നല്‍കിയ ട്രെന്റ് ബോള്‍ട്ട് നില്‍ക്കുമ്പോള്‍ ആണ് അന്ന് സഞ്ജു ആവേശ് ഖാന് പന്ത് കൈമാറിയത്. നാല് ഓവറില്‍ 48 റണ്‍സ് ആയിരുന്നു ആവേശ് ഖാന്‍ അന്ന് വഴങ്ങിയത്. കളി തോല്‍ക്കാനുള്ള കാരണവും മറ്റൊന്നായിരുന്നില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനോട് ഏറ്റ പരാജയവും മറക്കാനാവില്ല. സഞ്ജുവും ബട്‌ലറും ഡക്കായി മടങ്ങിയ മത്സരത്തില്‍ ജെയ്‌സ്വാളിന്റേയും പരാഗിന്റേയും ബലത്തില്‍ ശക്തമായ ചെറുത്തുനില്‍പായിരുന്നു രാജസ്ഥാന്‍ നടത്തിയത്. എന്നാല്‍ അവസാന പന്തില്‍ പവല്‍ എല്‍ബിഡബ്ല്യുവില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ രാജസ്ഥാന്‍ പരാജയപ്പെട്ടത് ഒരൊറ്റ റണ്ണിനായിരുന്നു. ആ രണ്ട് വിജയങ്ങള്‍ യഥാര്‍ത്ഥത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് അവകാശപ്പെട്ടതായിരുന്നു. അങ്ങനെയെങ്കില്‍ പോയന്റ് പട്ടികയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തന്നെ രാജസ്ഥാന്‍ ഉണ്ടാകുമായിരുന്നു.

നിര്‍ഭാഗ്യം ആയിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സിനെ വേട്ടയാടിയത്. ബട്‌ലര്‍ - ജെയ്‌സ്വാല്‍ ഓപ്പണിങ് കൂട്ടുകെട്ട് പരാജയപ്പെട്ടിട്ടും, 221 എന്ന മികച്ച സ്‌കോറിനെ പിന്തുടരുമ്പോള്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ വിശ്വാസം കാത്തുസൂക്ഷിച്ചിരുന്നു. പതിനാറാം ഓവറില്‍ വിവാദ ക്യാച്ചില്‍ സഞ്ജു ക്രീസ് വിടുമ്പോള്‍ വ്യക്തിഗത സ്‌കോര്‍  46 പന്തില്‍ 86 റണ്‍സ് ആയിരുന്നു. സഞ്ജുവിന്റെ സെഞ്ച്വറിയ്ക്കും രാജസ്ഥാന്റെ വിജയത്തിനും ആയി കാത്തിരുന്ന ആരാധകര്‍ നിരാശയുടെ പടുകുഴില്‍ വീണുപോയി. പതിനേഴാം ഓവറില്‍ ശുഭം ദുബേ കൂടി പുറത്തായതോടെ രാജസ്ഥാന്‍ പതറി. ഒടുവില്‍ 20 റണ്‍സിന്റെ പരാജയം വഴങ്ങി.

തുടർച്ചയായി നാല് പരാജയങ്ങളാണ് രാജസ്ഥാൻ റോയൽസ് ഇപ്പോൾ‌ നേരിട്ടിരിക്കുന്നത്. അതിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ ഫോം ആയത് ഒരേയൊരു മത്സരത്തിൽ മാത്രം. വമ്പൻ സ്കോ‍ർ പടുത്തുയർത്താൻ വിഷമിക്കുന്ന രാജസ്ഥാനെ ആണ് കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി കാണുന്നത്. എന്നിട്ടും പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള സഞ്ജുവിന്റെ തീരുമാനം ഇപ്പോൾ വലിയ വിമ‍ർശനങ്ങൾക്കാണ് വഴിവച്ചിട്ടുള്ളത്. വെറും 144 റൺസിൽ ഒതുങ്ങുകയായിരുന്നു രാജസ്ഥാൻ. ഈ സ്കോ‍ർ മറികടക്കാൻ പഞ്ചാബിന് വേണ്ടിവന്നത് 18.5 ഓവറുകളും. എങ്കിലും മികച്ച പോരാട്ടം തന്നെ നടത്തിയാണ് രാജസ്ഥാൻ കീഴടങ്ങിയത്.

പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും ഏത് സ്ഥാനത്തായിരിക്കും എന്നതിൽ ഇപ്പോഴും തീ‍ർപ്പില്ല. രണ്ടാം സ്ഥാനം നിലനിർത്താൻ കഴിഞ്ഞില്ലെങ്കിൽ രാജസ്ഥാന് കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരും. ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലാണ് പ്ലേ ഓഫിലെ ആദ്യ മത്സരം. ഇതിൽ പരാജയപ്പെട്ടാൽ പോലും, മൂന്നും നാലും സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിലെ വിജയിയുമായി മത്സരിച്ച് ഫൈനലിൽ എത്താനുള്ള അവസരം ഉണ്ടാകും. കൽക്കത്തയുമായിട്ടാണ് രാജസ്ഥാന്റെ അവസാന മത്സരം. ഇതിൽ വിജയിച്ചാൽ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനം നിലനിർത്താൻ രാജസ്ഥാന് കഴിയും. 

ടി-20 ലോകകപ്പ് ടീമിൽ ഇടം നേടിയതിന് ശേഷം സഞ്ജു വേണ്ട രീതിയിൽ പ്രകടനം പുറത്തിറക്കുന്നില്ല  എന്നൊരു ആക്ഷേപം ഇപ്പോൾ ഉയരുന്നുണ്ട്. എന്നാൽ ഈ ആക്ഷേപങ്ങളുടെയെല്ലാം മുനയടിച്ച് ക്യാപ്റ്റൻ സഞ്ജു കരുത്തനായി തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധക‍ർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News